Tuesday, October 11, 2011

~കോഴിക്കോട്ടുകാര്‍ തമ്മില്‍ കണ്ടപ്പോള്‍~



ലോകത്തിന്റെ പല ഭാഗത്തു നിന്നും പ്രൊഫൈലുകള്‍ക്കു പിന്നിലിരുന്നു തന്റെ നാട്ടുകാരെ തിരഞ്ഞിറങ്ങിയവര്‍ എത്തിചേര്‍ന്നത് "കോഴിക്കോട്ടുകാര്‍" എന്ന ഫേസ്ബുക്ക് തുരുത്തിലാണ്. ഉമ്മാന്റെ രുചിയുള്ള സമൂസയും ഉന്നക്കായയും എങ്ങനെ ഉണ്ടാക്കാം എന്നു തുടങ്ങി പല രാഷ്ട്രീയവും സാമൂഹികവുമായ തുറന്ന ചര്‍ച്ചകള്‍ ഇവിടെ സജീവമാവുകയായിരുന്നു. പിന്നീടങ്ങോട്ട് അംഗങ്ങളുടെ ഇടിച്ചുകയറ്റമായിരുന്നു... പ്രാദേശിക വാര്‍ത്തകളും, ചര്‍ച്ചകളും, സൌഹ്രുദങ്ങളും, നാട്ടിലെ മഴയും, രെഞ്ജിത്തിന്റെ പുതിയ പടത്തിന്റെ ഷൂട്ടിങും, KFCയിലെ കോഴിയുടെ രുചിയും എല്ലാം കോഴിക്കോട്ടുകാരുടെതായി മാറുകയായിരുന്നു.

Dr. Abjith Puliyakkadi എന്ന ആയുര്‍വേദ ഡോക്റ്റര്‍ അങ്ങു ബഹ്റൈനില്‍ ഇരുന്നു ഈ ഗ്രൂപ്പിനു തറക്കല്ലിടുമ്പോള്‍ അദ്ദേഹത്തിനൊരു സ്വപ്നമുണ്ടായിരുന്നു, വെറും തമാശകളിലും കളിയിലും ഈ ഗ്രൂപ് ഒതുങ്ങിപ്പോകരുത് എന്ന്. ആ ഒരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം നൂറില്‍ കൂടുതല്‍ കോഴിക്കോട്ടുകാര്‍ സരസ്വതി കലാകുഞ്ജില്‍ ഒത്തു ചേര്‍ന്നപ്പോള്‍ നടന്നത്. ഈ ഒത്തു ചേരലിനു മുമ്പേ ഇന്റെര്‍നെറ്റിലൂടെ മാത്രം അറിയുകയും, കളി പറയുകയും, ഘോര ഘോരമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ ഒരു ചെറിയ ചമ്മലും അതിലേറെ സന്തോഷത്തോടെയും നേരിട്ടു കാണുകയായിരുന്നു!
ആ സന്തോഷത്തിനു പൊന്‍തൂവലണിയിക്കാന്‍ അവര്‍ കോഴിക്കോടിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച 4 പേരെയും കണ്ടെത്തി. കോഴിക്കോട്ടുകാര്‍ സ്വപ്നത്തില്‍ പോലും കളിക്കുന്ന ഒരേയൊരു കളി ഫുട്ബോള്‍ ആണ്, ആ ഫുട്ബോളിന്റെ പൊന്‍താരമായി ഉദിച്ചുയര്‍ന്ന ജംഷാദ് (ഫാറൂഖ് ഹൈസ്കൂള്‍). ആര്സെനല്‍ ട്രെയിനിങ്ങ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്ടുകാരന്‍!! കോഴിക്കോടിന്റെ വൈകുന്നേരങ്ങള്‍ക്ക് എന്നും ബാക്ക്ഗ്രൌണ്ട് മ്യൂസിക് എം എസ് ബാബുരാജ് ആയിരുന്നു. കോഴിക്കോട്ടുകാര്‍ കൂടിയപ്പോള്‍ ആ പതിവും തെറ്റിച്ചില്ല, ബാബുരാജിന്റെ കൂടെ പാടിപതിഞ്ഞ സ്വരമായ തങ്കം റേച്ചലും അവരോടൊപ്പം കൂടി.
"പറക്കുന്ന കാക്കയ്ക്കും ചിക്കുന്ന കോഴിക്കും എന്റെ ഒരു പിടി ചോറു" എന്നു കേട്ടു ശീലിച്ച കോഴിക്കോട്ടുകാര്‍ക്ക് അഭിമാനമായി വെള്ളയിലെ ഇറച്ചിവെട്ടുകാരന്‍ ഹനീഫാക്കയും ഉണ്ടായിരുന്നു. മാനസിക രോഗികള്‍ക്കും വിശന്നു വലഞ്ഞു നടക്കുന്ന അഗതികള്‍ക്കും സ്വന്തം കൈ കൊണ്ടു വാരി ഊട്ടുന്ന കോഴിക്കോട്ടുകാരന്‍! കോഴിക്കോട് പെയിന്‍ & പാലിയേറ്റിവ് കെയറിലെ ഏറ്റവും നല്ല വേദനസംഹാരി ഒരു ഗുളികയോ ഇഞ്ജക്ഷനോ അല്ല, അത് ഷിബു പീപ്പിള്‍സ് റോഡെന്ന കോഴിക്കോട്ടുകാരനാണ്.
കോഴിക്കോട്ടെ അറിയപ്പെടാത്ത മാണിക്ക്യങ്ങളായ ഇവരെ ആദരിക്കാന്‍ കോഴിക്കോട്ടുകാര്‍ തെരഞ്ഞെടുത്തത് തിളങ്ങുന്ന മറ്റൊരു കോഴിക്കോടന്‍ വ്യക്തിത്വത്തെയാണ്. സിനിമാ സംവിധായകന്‍ ശ്രീ. രെഞ്ജിത്തിനെ! യാത്രയിലായിരുന്ന അദ്ദേഹം എത്തിച്ചേരാന്‍ കഴിയാഞ്ഞതിലുള്ള വിഷമവും ആശംസകളും ഫോണിലൂടെ സദസ്സുമായി പങ്കുവെച്ചു! അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രശസ്ത ചിത്രകാരനും അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ. പോള്‍ കല്ലാനോട് തങ്കം റേച്ചലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോട്ടുകാരുടെ ബഹുമാനസൂചകമായി ഒരു ചെറിയ തുക അവര്‍ക്ക് കൈമാറി. തുടര്‍ന്ന്, ശ്രീ. ഹനീഫ വെള്ളയിലിനു അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍ ക്കൊരു പ്രോല്‍സാഹനം എന്ന നിലയില്‍ 7500 രൂപയുടെ ചെക്ക് സമര്‍പ്പിച്ചു. ശ്രീ. ഷിബു പീപ്പിള്‍സ് റോഡിനു ഒരു മൊബൈല്‍ ഫോണും ശ്രീ. ജംഷാദിനു ഫുട്ബോള്‍ കിറ്റും ഉപഹാരമായി നല്കുകയുണ്ടായി.
ഇപ്പോള്‍ സെക്കന്തരാബാദില്‍ കഴിയുന്ന നടേഷ് നായക് എന്ന എണ്‍പതുകാരനായ കോഴിക്കോട്ടുകാരന്റെ ആഗ്രഹഫലമായിരുന്നു ഈ കൂടിചേരല്‍. പക്ഷേ, അനാരോഗ്യം കാരണം അദ്ദേഹത്തിനു പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല! വേദിയും ഭക്ഷണവും അടക്കം ഈ ഒത്തുചേരലിനുണ്ടായ പണച്ചെലവിന്റെ ഭൂരിഭാഗവും വഹിച്ചുകൊണ്ട് അദ്ദേഹം കോഴികോട്ടുകാര്‍ക്കൊരു ഉത്തമമാത്രുകയായി.
പരിപാടി ആദ്യാവസാനം നിയന്ത്രിക്കാന്‍ കോഴിക്കോടിനൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത രണ്ടു മുഖങ്ങള്‍ - 91.9 റേഡിയോ മാംഗോയുടെ രഘുവും കോഴിക്കോടിനു കോമഡിയുടെ പര്യായമായ വിനോദ് കോവൂരും!!
പരിചയപ്പെടലിന്റെയും തിരിച്ചറിയലുകളുടെയും ബഹളങ്ങള്‍ക്കൊടുവില്‍ മുസ്തഫയും സംഘവും നയിച്ച പഴയ ഗാനങ്ങള്‍ കോര്ത്തിണക്കിയ സംഗീതസന്ധ്യ ഗ്രുഹാതുരത്വത്തില്‍ വിഹരിക്കുന്ന ഈ ഓണ്‍ലൈന്‍ സൌഹ്രുദകൂട്ടായ്മയ്ക്ക് ഉചിതമായൊരു ഉറക്കുപാട്ടായി! 


Saturday, August 13, 2011

എന്റെ പ്രിയ ഫേസ് ബുക്ക്‌ സുഹൃത്തേ..!

ഓര്‍ക്കുട്ട്, ഫേസ് ബുക്ക്‌, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ സൌഹൃദകൂട്ടായ്മകളുടെ വസന്തകാലമാണല്ലോ ഇന്ന്. ഇടയ്ക്കിടെ തിരക്കില്‍നിന്നു വിട്ടുനിന്ന്‍ ഈ തള്ളിക്കയറ്റത്തെ നോക്കികാണാന്‍ പ്രേരകമാകുന്ന ചില ഞെട്ടലുകള്‍ ഉണ്ടാകാറുണ്ട്. ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ എത്ര നിരര്‍ഥകമെന്ന് എന്നെ ഓര്‍മിപ്പിച്ച ഒരു അനുഭവം കൂടി:
          കഴിഞ്ഞ ഒരു ദിവസം വൈകുന്നേരം കോഴിക്കോട് ടൌണ്‍ ഹാളില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌ ഫേസ് ബൂകിലെ ഒരു സുഹൃത്തിനെ അവിടെ കാണുന്നത്. റിയല്‍ ലൈഫ്-ല്‍ വലിയ പരിചയമൊന്നുമില്ല, ഒരു തവണ ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂട്ടായ്മയില്‍ ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്, വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ആ ഒത്തുചേരല്‍ വേളയില്‍ ഒന്നുരണ്ടു മണിക്കൂര്‍ ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ അപ്ഡേറ്റ്, ചിത്രങ്ങള്‍ എന്നിവ ലൈക്കാറും കമ്മെന്റാറും ഉണ്ട്. 
           ഏതായാലും ഒരേ ഗ്രൂപിലെ അംഗങ്ങളും ഓണ്‍ലൈന്‍ സുഹൃത്തുക്കളും ആണല്ലോ, ഒന്ന് പരിചയം പുതുക്കിക്കളയാം എന്ന് കരുതി അടുത്ത് ചെന്നു. ആള്‍ക്ക് മനസ്സിലാകാത്ത പോലെ! ഞാന്‍ ഇന്നയാള്‍ (ഫേസ് ബുക്ക്‌ പേര്) എന്ന് പരിചയപ്പെടുത്തി, എന്നിട്ടും മനസ്സിലായ മട്ടില്ല; ഗ്രൂപ്പിന്റെ പേര് കൂടി പറഞ്ഞു. മകള്‍ക്ക് സുഖമല്ലേ എന്നന്വേഷിച്ചു.. ചിത്രങ്ങളൊക്കെ കാണാറുണ്ട്, നന്നാവുന്നുണ്ട് എന്നുകൂടി പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. ഇപ്പോഴും കക്ഷിക്ക് റേഞ്ച് ക്ലിയര്‍ ആയ പോലെ തോന്നിയില്ല; കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി!
                 എന്നെ ഇരുത്തി ചിന്തിപ്പിച്ച അനുഭവം ആയിരുന്നു അത്.. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാന്‍ പ്രയത്നിക്കുമ്പോള്‍ നാം മറന്നുപോകുന്ന പലതുമുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും നാം മറക്കുന്നു. രോഗശയ്യയില്‍ കഴിയുന്ന അയല്‍ക്കാരനെ മറന്ന് വിദേശത്തുള്ള അദൃശ്യ സുഹൃത്തിനു നമ്മള്‍ ആശംസകള്‍ കൈമാറുന്നു. ഇത്തരം കൂട്ടായ്മകളില്‍ ദാനധര്‍മങ്ങള്‍ നടത്താന്‍ പരസ്പരം മത്സരിക്കുമ്പോള്‍ സ്വന്തം അയല്‍വക്കത്തെ കുടുംബം ഒരുനേരം വയറുനിറക്കാന്‍ പാടുപെടുന്നത് നമ്മള്‍ സൌകര്യപൂര്‍വ്വം കാണാതിരിക്കുന്നു. 
            ഒരു തിരുത്തല്‍ ചിന്തയ്ക്ക് സമയമായെന്ന് തോന്നുന്നു...: എന്റെ പ്രിയ ഫേസ് ബുക്ക്‌ സുഹൃത്തേ, താങ്കള്‍ക്കെന്തു തോന്നുന്നു?!





Friday, June 10, 2011

ഓത്തുപള്ളിയിലന്നു നമ്മള്‍..

ഒരു നൊസ്റ്റാള്‍ജിക്ക് മെലഡി.. വെറുതെയിരുന്നപ്പോ ഓര്‍മ വന്നു:

  

ഓത്തുപള്ളിയിലന്നു നമ്മള്‍ പോയിരുന്ന കാലം ..
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണു നീലമേഘം;
കോന്തലയ്ക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക,
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക!

പാഠപുസ്തകത്തില്‍ മയില്‍ പീലിവെച്ച്കൊണ്ട്,
പീലിപെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട്..
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു..
ഇപ്പോളാ കഥകളെ നീ അപ്പടി മറന്നൂ..

കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ചു,
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചൂ..
കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു,
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ചു..

ഞാനൊരുത്തന്‍ നീയൊരുത്തി, നമ്മള്‍ തന്നിടയ്ക്ക്,
വേലികെട്ടാന്‍ ദുര്‍വിധിയ്ക്ക് കിട്ടിയോ മിടുക്ക്..
എന്റെ കണ്ണൂനീരുതീര്‍ത്ത കായലിലിഴഞ്ഞു,
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞൂ..

ഓത്തുപള്ളിയിലന്നു നമ്മള്‍ പോയിരുന്ന കാലം ..
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണു നീലമേഘം;
കോന്തലയ്ക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക,
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടേ മൊല്ലാക്കാ..!!

Wednesday, December 01, 2010

THE 5-MINUTE MANAGEMENT COURSE



Here I am reproducing a mail I received sometime back. Through some naughty anecdotes, it teaches us some valuable lessons for life. I don't know who is the original author of this piece but what I know is that this is the shortest yet most effective management course. Hope you will agree with me!


LESSON1:
A priest offered a young Nun a lift... She got in and crossed her legs, forcing her gown up to reveal a leg. The priest nearly had an accident. After controlling the car, he stealthily slid his hand up her leg..... The nun said, 'Father, remember Psalm 129?' The priest removed his hand. But, changing gears, he let his hand slide up her leg again. The nun once again said, 'Father, remember Psalm 129?' The priest apologized 'Sorry sister, but the flesh is weak.' Arriving at the convent, the nun sighed heavily and went on her way. On his arrival at the church, the priest rushed to look up Psalm 129. It said, 'Go forth and seek, further up, you will find glory!'

Moral of the story: If you are not well informed in your job, you might miss a great opportunity.

LESSON 2:

A sales representative, an administration clerk, and the manager are walking to lunch when they find an antique oil lamp. They rubbed it and a Genie came out. The Genie says, 'I'll grant each of you just one wish.' 'Me first! Me first!' says the admin clerk.. 'I want to be in the Bahamas, driving a speedboat, without a care in the world..' Poof! She's gone. 'Me next! Me next!' says the sales rep. 'I want to be in Hawaii, relaxing on the beach with my personal masseuse, an endless supply of Pina Coladas, and the love of my life.' Poof! He's gone. 'OK, you're up,' the Genie says to the manager. The manager says, 'I want those two back in the office after lunch.'

Moral of the story: Always let your boss have the first say.

LESSON 3: 
An eagle was sitting on a tree resting, doing nothing. A small rabbit saw the eagle and asked him, 'Can I also sit like you and do nothing?' The eagle answered: 'Sure, why not?!' So, the rabbit sat on the ground below the eagle and rested. All of a sudden, a fox appeared, jumped on the rabbit and ate it.
Moral of the story: To be sitting and doing nothing, you must be sitting very, very high up.



LESSON 4: 

A Turkey fowl was chatting with a bull. 'I would love to be able to get to the top of that tree' sighed the turkey, 'but I haven't got the energy.' 'Well, why don't you nibble on some of my droppings?' replied the bull. It's packed with nutrients.' Believing it, the turkey pecked at a lump of dung, and found it actually gave him enough strength to reach the lowest branch of the tree. The next day, after eating some more dung, he reached the second branch.. Finally after a fourth night, the turkey was proudly perched at the top of the tree.

He was promptly spotted by a farmer, who shot him out of the tree.

Moral of the story: Bull Shit might get you to the top, but it won't keep you there...

LESSON 5:

A little bird was flying south for the winter. It was so cold the bird froze and fell to the ground into a large field. While he was lying there, a cow came by and dropped some dung on him. As the frozen bird lay there in the pile of cow dung, he began to realize how warm he was. The dung was actually thawing him out! He lay there all warm and happy, and soon began to sing for joy. A passing cat heard the bird singing and came to investigate... Following the sound, the cat discovered the bird under the pile of cow dung, and promptly dug him out and ate him.

Moral of the story:
(1) Not everyone who shits on you is your enemy.
(2) Not everyone who gets you out of shit is your friend.
(3) And when you're in deep shit, it's best to keep your mouth shut!



THUS ENDS THE 5-MINUTE MANAGEMENT COURSE.

Saturday, November 27, 2010

നമസ്കാരം ശ്രോതാക്കളേ.........!

                 എവിടെയോ കേട്ടു മറന്നപോലെ അല്ലേ? റേഡിയോ ശ്രോതാക്കള്‍ക്കിന്നും സുപരിചിതമായ ശബ്ദമാണിത്, ആര്‍കെയുടെ ശബ്ദം! മലബാറിലെ അനേകായിരം റേഡിയോ ശ്രോതാക്കള്‍ക്ക് ഞാന്‍ ആര്‍കെയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബോബി, കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍ , ജോണ്‍ കുര്യന്‍, പ്രീത, അശ്വതി.. ഇവരില്‍ ആരായാലും അങ്ങനെയൊക്കെ തന്നെ. ഇവരെയെല്ലാം കേട്ടു മാത്രം ജീവിതം തള്ളിനീക്കുന്ന, ജീവിതത്തില്‍ റേഡിയോ (റേഡിയം എന്ന് മലപ്പൊറം മലയാളം ) എന്ന പാട്ടുപെട്ടി മാത്രം ഏക വിനോദോപാധി ആയ അനേകരുണ്ടെന്നു ഞാന്‍ അറിഞ്ഞു തുടങ്ങിയിട്ട്  കാലമേറെയൊന്നും ആയിട്ടില്ല.  
          
           103.6 റിയല്‍ എഫ്എമ്മിനെ ഞാനോര്‍ക്കുന്നത് ആ പേരിലല്ല, ഏറെ കൊല്ലങ്ങള്‍ക്ക് മുന്‍പ്‌, ഞാന്‍ ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്നെ, പഴമയുടെ തേനൂറുന്ന ഹിന്ദി ഗാനങ്ങളുടെ  ആരാധകനാക്കി മാറ്റിയ വിവിധ് ഭാരതി എന്ന പേരിലാണ്. വിവിധ് ഭാരതിയാണോ വിദ്യുത് ഭാരതിയാണോ എന്നുപോലും തീര്‍ച്ചയില്ലാതിരുന്ന കാലം. പിന്നീടെന്നോ വഴിയിലുപേക്ഷിച്ച വിവിധ് ഭാരതി മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കാറില്‍ ഘടിപ്പിച്ച എഫ്എം റിസീവറിലൂടെ  പിന്നെയും എന്നെ തേടിവന്നു; പുതിയ പേരില്‍, പുതിയ ഭാവത്തില്‍. മലയാളം പരിപാടികളായിരുന്നു കൂടുതല്‍. വേറെയും രണ്ടു ചാനലുകള്‍ കൂടിയുണ്ടായിരുന്നു കോഴിക്കോട്ട്: റേഡിയോ മാംഗോയും എസ് എഫ്എമ്മും.  എസ് എഫ്എം മാങ്ങയോടു പിടിച്ചുനില്‍ക്കാനാകാതെ പേരുമാറ്റി റെഡ് എഫ്എം ആയി മാറി. എന്തുകൊണ്ടോ എന്നെ ആകര്‍ഷിച്ചത് റിയല്‍ എഫ്എം തന്നെയായിരുന്നു. പണ്ടത്തെ ബന്ധമായിരിക്കാം, എന്റെ യാത്രയില്‍ ഉടനീളം കേട്ടുകൊണ്ടിരിക്കാം എന്നതുകൊണ്ടുമാകാം (വീട്ടില്‍ നിന്ന് കോളേജിലേക്ക് അമ്പത്തഞ്ചു കിലോമീറ്റര്‍ കാണും, മാങ്ങയും ചോപ്പും അത്രയും റേഞ്ച്  കിട്ടില്ല).
         
            ഒരു പക്ഷേ അതിന്റെ നിഷ്കളങ്കമായ, ആഡംബരങ്ങളില്ലാത്ത, വളച്ചു കെട്ടുകളില്ലാത്ത, സാധാരണക്കാരില്‍ സാധാരണക്കാരനായ മലയാളി ഗ്രാമീണനോട്‌ സംവദിക്കുന്ന ആ ഹൃദയത്തിന്റെ ഭാഷയായിരിക്കാം എന്നെ റിയല്‍ എഫ്എമ്മിലേക്കടുപ്പിച്ചത്. കാതോടു കാതോരം പോലെ, ആര്‍കെയുടെ കിന്നാരങ്ങള്‍ പോലെയുള്ള  പരിപാടികള്‍ ശ്രോതാക്കളെ വെറും ഉപഭോക്താക്കളായല്ല കാണുന്നത്; മറിച്ച്‌  അവരെ വികാരവും വിചാരവും വേദനകളും നൊമ്പരങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളുമുള്ള  മനുഷ്യരായാണ്. ഉപഭോക്തൃ സംസ്കാരത്തില്‍ ആകൃഷ്ടരായ, ആധുനിക ലോകത്തെ അടിച്ചുപൊളികള്‍ മാത്രമറിയുന്ന മറ്റു എഫ്എം ചാനലുകളില്‍നിന്നു ആകാശവാണി റിയല്‍ എഫ്എമ്മിനെ വ്യത്യസ്തമാക്കുന്നതും തുറന്ന സമീപനത്തിന്റെ, നിഷ്കളങ്കതയുടെ, മനുഷ്യത്വത്തിന്റെ ഈ മുഖമാണ്.
           
             ശ്രോതാക്കളുടെ കത്തുകളും ഫോണ്‍ വിളികളും കേട്ട എന്റെ സഹയാത്രിക ഒരിക്കല്‍ എന്നോട് ന്യായമായും ആര്‍ക്കും തോന്നാകുന്ന ഒരു സംശയം ചോദിച്ചു: ഇതൊക്കെ സത്യത്തില്‍ ഉള്ളതാണോ, അതോ നമ്മളെ പറ്റിക്കാനാണോ എന്ന്. ആകാശവാണി ഇന്ന് ദിവസവും കേട്ടുകൊണ്ടിരിക്കുന്ന പലര്‍ക്കും തുടക്കത്തില്‍ തോന്നിയിരിക്കാവുന്ന സംശയം. പിന്നെപ്പിന്നെ തീര്‍ച്ചയാകുന്നു: ഈ ഫോണ്‍ വിളിക്കുന്ന, കത്തുകള്‍ എഴുതുന്ന എല്ലാവരും  എല്ലും ഇറച്ചിയുമുള്ള യഥാര്‍ത്ഥ മനുഷ്യജീവികള്‍ തന്നെ. അതില്‍ കൂടുതലും തയ്യല്‍ തൊഴിലാളികള്‍,  തെങ്ങുകയറ്റക്കാര്‍, ബേക്കറി പണിക്കാര്‍,  ടാപ്പിംഗ് തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍  തുടങ്ങിയ താഴേക്കിടക്കാര്‍.
                   
              വേറെ പലരും വേദന തിന്നുജീവിക്കുന്ന, എന്തിനും ഏതിനും പരസഹായം ആവശ്യമുള്ള, ജീവിതത്തില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട  നിത്യരോഗികള്‍! അവര്‍ക്ക് റേഡിയോ ആണ് ഏക വിനോദം, പുറംലോകത്തെ അറിയാനുള്ള ഏക ആശ്രയം, പലരും വേദന മറന്നു രാത്രി കഴിച്ചുകൂട്ടുന്നത് നാളെ പുലരുമ്പോള്‍ റേഡിയോ തനിക്കു കൂട്ടുണ്ടല്ലോ, അതിലൂടെ ആര്‍കെ മാമനും കൂട്ടരും തന്നെ സമാധാനിപ്പിക്കാന്‍, ആശ്വസിപ്പിക്കാന്‍ എത്തുമല്ലോ എന്ന പ്രതീക്ഷയിലാണ്!! ഇക്കഴിഞ്ഞ ചില ദിവസങ്ങളില്‍ സമരം കാരണം റേഡിയോ പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് റേഡിയോ കേടുവന്നു എന്നുകരുതി റിപ്പയറിനു കൊണ്ടുപോയ പലരുമുണ്ട്.
            
                 ഇതൊന്നും അതിശയോക്തിയല്ലെന്നറിയാന്‍ ഒരിക്കലെങ്കിലും നിങ്ങളുടെ റേഡിയോയില്‍ 103.6 MHz-ല്‍  കോഴിക്കോട് ആകാശവാണി Real FM ട്യൂണ്‍ ചെയ്ത് അരമണിക്കൂര്‍ ഒന്ന് ശ്രദ്ധയോടെ കേട്ടുനോക്കുക: പത്തനാപുരത്ത്നിന്ന് അസീസ്‌ വിളിക്കും, അരീക്കോട് നിന്ന് മുംതാസ്, കോടഞ്ചേരിയില്‍ നിന്നും ചിന്നമ്മ, ഗൂഡല്ലൂര് നിന്നും രഞ്ജി എന്ന പതിനെട്ടുകാരി പെണ്‍കുട്ടി... അങ്ങനെ എത്രയെത്ര ഹതഭാഗ്യര്‍! അസീസ്‌ വിളിക്കാത്ത ദിവസമില്ല, ദേഷ്യപ്പെടാന്‍ കഴിയില്ല, കിടന്ന കിടപ്പില്‍ നിന്നെഴുന്നെല്‍ക്കാന്‍ കഴിയാത്തയാളാണ്. കഴിഞ്ഞ ദിവസം  ബാബു എന്നൊരാള്‍, റേഡിയോയിലൂടെ പരിചയപ്പെട്ട മുംതാസിനെ കാണാന്‍ ചെന്ന കാര്യം പറഞ്ഞു. അസീസിനെ കണ്ടപ്പോള്‍, ആര്‍കെ മാമന്‍ കാണാന്‍ ചെന്നിരുന്നു എന്നും അദേഹത്തിന്റെ ഒരു ഫോട്ടോ അസീസിന് കൊടുത്തു എന്നും പറഞ്ഞു.
                       
                ഇങ്ങനെ ആശ കൈവെടിഞ്ഞ കുറെയേറെപ്പേരുടെ ജീവിതത്തിനു നിറം പകരുന്നത് ഇന്ന് ആകാശവാണി റിയല്‍ എഫ്എമ്മാണ്. അവര്‍ റിയല്‍ എഫ് എമ്മുമായി തങ്ങളുടെ ജീവിതം പങ്കുവെക്കുന്നു,  മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അറിയുന്നു, പരസ്പരം ഫോണ്‍ ചെയ്യുന്നു, സംസാരിക്കുന്നു. ഇത്തരം ഒരു വലിയ നെറ്റ്‌വര്‍ക്ക് തന്നെയുണ്ട് റിയല്‍ എഫ്എം ശ്രോതാക്കളുടെ! ഇവരുടെ പ്രശ്നങ്ങള്‍ റേഡിയോയിലൂടെ കേട്ടറിയുന്ന അനേകം പേര്‍ അന്വേഷിച്ചു ചെല്ലുന്നു, ആശ്വസിപ്പിക്കുന്നു, കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നു. 
                 
               ഇവരോരോരുത്തരും റേഡിയോ അവതാരകരോട് സംസാരിക്കുന്നത് സ്വന്തം സഹോദരന്‍ അല്ലെങ്കില്‍ സുഹൃത്ത് എന്ന നിലയ്ക്കാണ്. ആര്‍കെയും കുര്യന്‍ സാറും ഉണ്ണികൃഷ്ണന്‍ ചേട്ടനും പ്രീതചേച്ചിയും പലര്‍ക്കും കുടുംബ സുഹൃത്തുക്കള്‍ ആണ്. ആര്‍കേയുടെയൊക്കെ ഓര്‍മയും അപാരമാണ്: ചിലര്‍ വിളിച്ച ദിവസവും അവരുടെ കുടുംബവിശേഷങ്ങളും  വരെ ഓര്‍മ വെച്ച് തിരിച്ചു ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ മിഴിച്ചിരുന്നു പോകും!  ആര്‍കെ മാമന്‍ പാറയും പുഴയും കടന്നു തങ്ങളുടെ കുടില്‍ തേടിവന്ന ദിവസം നാലുവര്‍ഷങ്ങള്‍ക്ക് ശേഷവും ചിന്നമ്മയും സോമനും മറന്നിട്ടില്ല. ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ പേനയെടുത്ത് എഴുതാന്‍ വരുമ്പോഴേക്ക് മറന്നിരിക്കും, പക്ഷേ ഇത്ര കാലമായിട്ടും ആ തിയ്യതി ചിന്നമ്മ മറന്നിട്ടില്ല. 'അതെന്താ അങ്ങനെ?!' എന്നാര്‍കെ ചോദിച്ചപ്പോള്‍ ചിന്നമ്മ: "അതങ്ങനെയാ സാറേ..!!" 'ആ സാറ് കാടും മലയും കടന്നിവിടെവരെ വന്നില്ലേ' എന്ന് സോമന്‍ ചേട്ടന്റെ അമ്മ എപ്പോളും പറയുമത്രേ! ചിന്നമ്മയും സോമനും രോഗികളാണ്; വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ച സോമന് ഭാരിച്ച ജോലികള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, ചിന്നമ്മയാണെങ്കില്‍ ഗര്‍ഭപാത്രം പുറത്തേക്കു തള്ളിവരുന്ന അസുഖം കാരണം തീരെ കിടപ്പാണ്.
                    
                കഴിഞ്ഞ ദിവസം വിളിച്ച രഞ്ജി എന്ന പെണ്‍കുട്ടി കണ്ണ് നനയിച്ചു. ഗൂഡല്ലൂര് നിന്നാണ് അവള്‍ വിളിച്ചത്. ഹൃദയത്തില്‍ വെള്ളം നിറയുന്ന അപൂര്‍വരോഗവുമായി മരണത്തെ മുഖാമുഖം കാണുന്ന അമ്മയും ഈ പതിനെട്ടുകാരി പെണ്‍കുട്ടിയും ജീവിതത്തില്‍ തനിച്ചാണ്. ഒരു ആണിന്റെ തന്റേടത്തോടെ, ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടെ അവള്‍ സ്വന്തം മാതാപിതാക്കളെ ഇത്ര കാലം ശുശ്രൂഷിച്ചു. ഹൃദ്രോഗിയായിരുന്ന ചാച്ചന്‍ (അച്ഛന്‍) കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മരിച്ചു. ഇപ്പോളിതാ അമ്മയും മരണത്തെ കാത്തു കഴിയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പറഞ്ഞയച്ചത്രേ, ഇനി ചികിത്സ വേണ്ട! കൂടുതല്‍ ദൂരം താങ്ങികൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ റോഡരികിലുള്ള ഒരു അയല്‍ക്കാരന്റെ വീട്ടില്‍ അമ്മയെ കിടത്തിയിരിക്കുകയാണ്. ഹൃദയത്തില്‍ വെള്ളം നിറഞ്ഞു ശരീരം മുഴുവന്‍ ചീര്‍ത്തിരിക്കുന്നു. രഞ്ജിയുടെ ഏക സഹോദരന്‍ തിരിഞ്ഞു നോക്കുന്നില്ല. എങ്കിലും തന്നെക്കാള്‍ നന്നായി തന്റെ അമ്മയെ നോക്കുന്നു എന്നവള്‍ പറയുന്ന ആ അയല്‍ക്കാരോട് അത്യധികം നന്ദി പറയുന്നു. കുറേ നേരം ധൈര്യം ഭാവിച്ചു സംസാരിച്ചുവെങ്കിലും ഇടയ്ക്കൊന്നവള്‍ ഇടറിപ്പോയി, ആര്‍കേയ്ക്കു വരെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാത്ത അവസ്ഥയായി. ആര്‍കെ അവള്‍ക്കൊരു പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു, ദൈവത്തില്‍ ഉറച്ചുവിശ്വസിച്ചു പ്രാര്‍ഥിക്കാന്‍ അവളെ ഉപദേശിച്ചു. "വാതില്‍ തുറക്കൂ നീ കാലമേ, കണ്ടോട്ടെ ദിവ്യസ്വരൂപനെ.." എന്ന് തുടങ്ങുന്ന ഗാനം കേള്‍പ്പിക്കാന്‍ ഇതിലും അനുയോജ്യമായ സന്ദര്‍ഭമേതാണ്!
                   
              അതിനുശേഷം ഫോണ്‍ ചെയ്ത  താമരശേരിക്കാരി ഷമീനയും ശാരീരിക വൈകല്യങ്ങള്‍ ഉള്ളയാളാണ്. പക്ഷേ അവള്‍ പറഞ്ഞത്, രഞ്ജിയെയും   മറ്റും വെച്ചുനോക്കുമ്പോള്‍ താന്‍ ഭാഗ്യം ചെയ്തവള്‍ തന്നെ ആണെന്നാണ്‌. ഇങ്ങനെ ചിന്തിക്കാന്‍ അവളെ പ്രാപ്തയാക്കിയത് അവളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല, റേഡിയോയിലൂടെ അവള്‍ അറിഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. 
                    
              പലപ്പോഴും പരിപാടികളിലേക്ക് വിളിക്കണം എന്ന് കരുതും. പക്ഷേ, എന്തു പറഞ്ഞു വിളിക്കും: ഞാന്‍ തിന്നും കുടിച്ചും മദിച്ചു മതിമറന്നു ജീവിക്കുന്ന ഒരു കോളേജ് പ്രൊഫസ്സരാണെന്നു പറഞ്ഞോ?! ഞാന്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന് വേണ്ടിയാണല്ലോ ദിവസവും ഇരുപത്തിനാല് മണിക്കൂറും തെപ്പാംകൂത്തും പാട്ടുമായി മാങ്ങയും ചക്കയും എഫ്എം നടത്തുന്നത്! ആര്‍കേയെയോ ആകാശവാണിയിലെ മറ്റു അവതാരകരെ ആരെയെങ്കിലുമോ ഞാന്‍ അറിയില്ല, കണ്ടിട്ടില്ല. പക്ഷേ അവരുടെ മനുഷ്യസ്നേഹം ഞാന്‍ അറിയുന്നു, അതിലൂടെ ആകാശവാണിയെ അറിയുന്നു.  ആകാശവാണിയുടെ അറുപതാം വര്‍ഷത്തില്‍ ഇതെന്റെ ഒരെളിയ സ്നേഹാര്‍ച്ചന!                       
                     
              തനിക്കും കേട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും പുറമേ കുറച്ചുപേര്‍ കൂടി ഈ ലോകത്തുണ്ട് എന്നറിയാന്‍, നാമെന്തു പുണ്യം ചെയ്തിട്ടാണ് ദൈവം ഈ ഭാഗ്യജന്മം നമുക്ക് നല്‍കിയതെന്ന് ആശ്ചര്യം കൊള്ളാന്‍... അങ്ങിനെ സ്വപ്നലോകത്ത് നിന്ന് താഴെയിറങ്ങാന്‍  ഇടയ്ക്കൊക്കെ  റിയല്‍ എഫ്എം ഒന്ന് കേള്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.


Saturday, November 20, 2010

ഓരോരോ ഭാഗ്യപരീക്ഷണങ്ങള്‍!!


കേരളം പാസ്സാക്കിയ ഭാഗ്യക്കുറി ഓര്‍ഡിനന്‍സ് കേന്ദ്രനിയമം അനുസരിച്ച് തന്നെ ആയിരുന്നെന്നു അവസാനം കേന്ദ്രന്‍ ഹൈക്കോടതിയില്‍ സമ്മതിച്ചത്രേ! അയ്യയ്യോ, അപ്പോ ഇത്രയും കാലം ഇവിടത്തെ കോണ്‍ഗ്രസ്സുകാരും, വേറെ പണിയൊന്നുമില്ലാത്ത ചില കേന്ദ്രമന്ത്രിമാരും, അവരുടെ വായില്‍നിന്നു വീഴുന്ന അമൂല്യമണിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ സ്ഥിരം കുനിഞ്ഞുനില്‍ക്കുന്ന പത്ര-ചാനല്‍ മുതലാളിമാരും കൂടി മലയാളികളെ പൊട്ടന്‍ കളിപ്പിക്കുകയായിരുന്നോ? എന്തെല്ലാമായിരുന്നു?!! തുറന്ന ചര്‍ച്ച, ചര്‍ച്ചയ്ക്കു പ്രതിപക്ഷ നേതാവിന് പകരം ചോട്ടാ നേതാവ്, അങ്ങനെയങ്ങനെ!
                    
          പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പുള്ള  ഏതാനും ആഴ്ചകളില്‍ സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മൊത്ത വ്യാപാരി ആയിരുന്നു കേരളത്തിലെ   പത്രങ്ങളില്‍  (മനോരമ-മാതൃഭൂമി പത്ര ദ്വയങ്ങളില്‍ വിശേഷിച്ചും) നിറഞ്ഞുനിന്നത്; പാവം അച്ചു മാമ്മനും മുരളിയും വരെ പിന്തള്ളപ്പെട്ടു. അക്കാലത്തെ മലയാള പത്രങ്ങളിലൂടെ മാത്രം കേരളത്തെ പരിചയമുള്ള ഒരാള്‍, തോമസ്‌ ഐസക്കിന്റെ  മരുമകനാണ് സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന് തെറ്റിദ്ധരിച്ചാല്‍ അത്ഭുതമില്ല, പിണറായി വിജയന്‍റെ മറ്റൊരു പേരാണോ സാന്തിയാഗോ മാര്‍ട്ടിന്‍ എന്നും ചിന്തിച്ചു കൂടെന്നില്ല.
                    
          തങ്ങളുടെ സര്‍ക്കാര്‍ ലോട്ടറികളുടെ മൊത്തക്കച്ചവടം  സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ തന്നെ മാര്‍ട്ടിന്റെ കമ്പനിയെ എല്പ്പിച്ചതാണെന്ന് പട്ടാപ്പകല്‍ പോലെ വ്യക്തമായിട്ടും അതിനു പിന്നിലും കേരളത്തിലെ മാര്‍ക്സിസ്റ്റ്‌  പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും  ആണെന്ന് വരുത്താനായിരുന്നു ഇവരുടെ തത്രപ്പാട്.  ഇതിനെല്ലാമിടയ്ക്ക് മണികുമാര്‍ സുബ്ബ എന്ന ഇന്ത്യന്‍ നാഷണലല്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  എംപീയെ ആരും കണ്ടില്ല, കണ്ടെന്നു നടിച്ചില്ല. (വ്യാജ) ലോട്ടറി വ്യവസായ രംഗത്ത് മാര്‍ട്ടിന്‍ വെറും പീക്കിരി നാട്ടുരാജാവാണെങ്കില്‍ ആസ്സാമിലെ തേസ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മണി കുമാര്‍ സുബ്ബ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് ഗാന്ധിയുടെ ശിഷ്യന്മാര്‍ക്കാരും പറഞ്ഞുകൊടുക്കണ്ട, ഇലക്ഷന്‍ കാലത്തുകിട്ടുന്ന ശത കോടികള്‍ക്കാരും ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ചോദിക്കാറുമില്ല!
                               
             എല്ലാം കേന്ദ്രനിയമം അനുസരിച്ചായിരുന്നു എങ്കില്‍ എന്തിനായിരുന്നു അന്നത്തെ ആ കോലാഹലമൊക്കെ? ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലോട്ടറി വിവാദമായിരുന്നു ഏറ്റവും വലിയ പ്രചാരണ വിഷയം എന്ന് മലയാളികള്‍ക്കൊക്കെ നല്ലപോലെ അറിയാം. ലോട്ടറിത്തീയിലും പുകയിലും ഭരണനേട്ടങ്ങളൊക്കെ മറഞ്ഞുപോയി. പാവം മലയാളി പൊതുജനം (ഒപ്പം പത്രക്കാരെ മാത്രം വിശ്വസിക്കുന്ന, സ്വന്തം പാര്‍ട്ടിക്കാരെയും സഹപ്രവര്‍ത്തകരെയും തീരെ വിശ്വാസമില്ലാത്ത ഒരു വേലിക്കകത്ത്കാരനും കൂടി!) അവര്‍ പറഞ്ഞതൊക്കെ   വിശ്വസിച്ച് വോട്ടുകുത്തി. ആയൊരു കുത്ത് യൂഡീഎഫ് പ്രതീക്ഷിച്ചത്ര ശക്തിയിലായില്ലെന്നു മാത്രം. ഇലക്ഷന്‍ റിസള്‍ട്ട്‌ വന്നപ്പോള്‍ അച്ചുതാനന്ദന്‍ പറഞ്ഞ ഈയൊരു കാര്യത്തോട് (ഈയൊരു കാര്യത്തോട് മാത്രം) ഞാന്‍ യോജിക്കുന്നു: "ഇവര്‍ക്കൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനം അനുഭവത്തിലൂടെ പഠിക്കും!"
                             
              ഇപ്പോളിതാ പൊതുഭരണ നിര്‍വഹണത്തില്‍ ഭാരതത്തിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഇന്ത്യാ ടുഡേ വാരിക കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ വാര്‍ത്തകളൊക്കെ മനോരമയും മാതൃഭൂമിയും കൊടുക്കുമോ ആവോ. ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന്റെ പരമോന്നത നീതിപീഠം വിമര്ശിച്ചതുവരെ ഞങ്ങള്‍ക്ക് വാര്‍ത്തയല്ല, പിന്നാ!
                                 
              ഗാന്ധിമാഡത്തോടും സര്‍ദാര്ജിയോടും  ഈയുള്ളവന്റെ ഒരു എളിയ അപേക്ഷയുണ്ട്: പ്രസ്താവനകള്‍ ഇറക്കാനും കേരളത്തില്‍ കുറ്റിയടിച്ചിരുന്നു വിവാദങ്ങള്‍ സൃഷ്ടിക്കാനും മാത്രമായി ചില മലയാളി പ്രതിഭകളെ  കേന്ദ്ര സഹമന്ത്രിമാരായി പ്രതിഷ്ടിച്ചിട്ടുണ്ടല്ലോ: അവര്‍ക്കൊക്കെ എന്തെങ്കിലും കാര്യമായ പണി കൊടുക്കണം. തികച്ചും ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ (കൂടുതല്‍ ഭരിച്ചാല്‍ തടികേടാകും എന്നതിനാല്‍)  രാജി വെക്കേണ്ടിവന്ന കേന്ദ്രമന്ത്രിമാരുടെ ഒട്ടനവധി ഒഴിവുകള്‍ നിലവില്‍ നിങ്ങളുടെ മന്ത്രിസഭയില്‍ ഉണ്ടല്ലോ.  കുറഞ്ഞ പക്ഷം ഇവന്മാരുടെ സ്ഥാനപ്പേര് മാറ്റി കേരള രാഷ്ട്രീയകാര്യ (സഹ) മന്ത്രിമാര്‍ എന്നെങ്കിലും ആക്കണം; ക്യാബിനറ്റ് പദവി തന്നെ ഇരുന്നോട്ടെ, കുറയ്ക്കണ്ട! ദിവസം രണ്ടുനേരം എന്‍ഡോ-സള്‍ഫാന്‍ ഉണ്ടയാക്കി വിഴുങ്ങാനും കൊടുക്കണം (തോമസ്‌ മാഷ്ക്ക് നാലുനേരം ആയിക്കോട്ടെ), ഒരു ഉശിരൊക്കെ ഉണ്ടാവട്ടെ! നമ്മുടെ പ്രതിപക്ഷ നേതാവിനെപ്പോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടുവേണ്ട. ആ മുല്ലപ്പള്ളിയോടൊക്കെ പണ്ട് കുറച്ചൊരു ബഹുമാനം ഉണ്ടായിരുന്നു, കഷ്ടം!

Monday, September 13, 2010

ചാമ്പ്യന്‍സ് ലീഗ് വിചാരങ്ങള്‍

അങ്ങനെ ചാമ്പ്യന്‍സ് ലീഗും തുടങ്ങി. കോഴ-ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിട്ടുകൂടി ആരും ഒന്നും മിണ്ടുന്നില്ല, മാധ്യമങ്ങളിലൊന്നും കോഴക്കളിയുടെ പാരമ്യമായ IPL -നെ പറ്റിയോ ചാമ്പ്യന്‍സ് ലീഗിന്റെ ബെറ്റിംഗ് സാധ്യതകളെക്കുറിച്ചോ രണ്ടുവരി പോലുമില്ല! എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്, കളി കണ്ടാല്‍ പോരെ അല്ലേ?!
           ക്രിക്കറ്റ് കളിക്കുന്ന ആറു രാജ്യങ്ങളില്‍ നിന്നുള്ള പത്തു ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്; ഇന്ത്യയില്‍നിന്നു മൂന്നു ടീമുകള്‍. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടു ടീമുകള്‍ ഉണ്ടായിരുന്നു, ഇത്തവണ ഇംഗ്ലണ്ട്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഇത്രയും കാലം ചാമ്പ്യന്‍സ് ലീഗ് എന്നാല്‍ ഫുട്ബോളില്‍ മാത്രമേ കേട്ടിരുന്നുള്ളൂ; IPL നടത്തി കാശ് വാരിയ ലളിത് മോഡിക്ക് 2008 -ലാണ് ഇങ്ങനെയൊരു ബുദ്ധി ഉദിച്ചത്, കൂട്ടിനു ഒസ്ട്രെലിയക്കാരും കൂടി. 
          സംഗതി രസമാണ്: കേരളത്തിന്റെയോ ബംഗാളിന്റെയോ സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ ടീം ലോകതാരങ്ങള്‍ നിറഞ്ഞ സ്പാനിഷ്‌ - ഇംഗ്ലീഷ് ക്ലബ് ടീമുകളോട് കളിക്കുന്നതുപോലെ! ഇന്ത്യയില്‍നിന്നുള്ള മൂന്നു ടീമുകള്‍ നിറയെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വമ്പന്‍ താരങ്ങളുടെ കൂട്ടപൊരിച്ചില്‍ ആണ്... ഹെയ്ഡന്‍, കാല്ലിസ്, സച്ചിന്‍, ദ്രാവിഡ്, ധോണി, ഹസ്സി, കെംപ് എന്നിവര്‍ ചില ഉദാഹരണങ്ങള്‍. പാവം ഗയാനക്കാരും ആഫ്രിക്കക്കാരുമൊക്കെ കുടമാറ്റത്തിനു പൂരപ്പറമ്പില്‍ ചെന്നുപെട്ട ആട്ടിന്‍കുട്ടികളെ പോലെ വിരണ്ടുപോകും!
            ഷാര്‍ജയ്ക്കുശേഷം ഒത്തുകളിയുടെ വിളനിലമായ സൌത്ത് ആഫ്രിക്കയിലാണ് ഇത്തവണത്തെ മാമാങ്കം. അവിടെ ഒത്തോ ഒക്കാതെയോ എങ്ങനെ കളിച്ചാലും ആര്‍ക്കും പരാതിയില്ല; കളിച്ചില്ലെങ്കിലും കുഴപ്പമില്ല. അല്ലേലും പലരും ക്രിക്കറ്റ് കളിക്കാനല്ല സൌത്ത് ആഫ്രികയില്‍ പോകുന്നതെന്ന് പണ്ടേ നമ്മുടെ "കള്ള IPL കളിക്കാരന്‍" പറഞ്ഞിട്ടുണ്ടല്ലോ! എന്തൊക്കെ കാണണം ദൈവമേ! 
     തങ്ങള്‍ കാഷിറക്കിയ ടീം ജയിക്കാനായി എന്ത് തന്തയില്ലാത്തരവും ചെയ്യുമെന്ന് ബുക്കിമാര്‍ തെളിയിച്ചിട്ടുള്ളതാണ്; ബാംഗ്ലൂര്‍  സ്റ്റെടിയത്തിനടുത്ത് സ്ഫോടനം നടന്നത് മത്സരം മുംബൈക്ക് മാറ്റാനായിരുന്നുവെന്നു കര്‍ണാടക അഭ്യന്തരന്‍ വരെ പറഞ്ഞില്ല്ലേ?! (സ്ഫോടനം മദനി നടത്തിയതാണെന്ന് അങ്ങേര്‍ക്കു വെളിപാടുണ്ടാകുന്നതിനും മാസങ്ങള്‍ക്ക് മുമ്പ്!). കോടിക്കണക്കിനു രൂപ ലളിത് മോഡി വെട്ടിച്ചു എന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നു, എന്നിട്ടെന്തായി?! 

എന്നാലും ഞങ്ങള്‍ ക്രിക്കറ്റ് കാണും, അതു ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാലും ശരി!!

Friday, August 27, 2010

തൂണിലും തുരുമ്പിലും ബാറിലെ കടലപ്പാത്രത്തിലും..

തൂണിലും തുരുമ്പിലും ബാറിലെ കടലപ്പാത്രത്തിലും .. ദൈവമുണ്ട് എന്നല്ല പറഞ്ഞുവരുന്നത്. ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ കണ്ട ഒരു കത്താണെന്നെ ചിന്തിപ്പിച്ചത്; കത്തിങ്ങനെ: 
       
ബാറിലെ കടലപ്പാത്രത്തിലും അപകടം!
ഒരു ടോയ്-ലറ്റിലുള്ളതിനേക്കാള്‍ വൃത്തികെട്ട (?) ബാക്റ്റീരിയകള്‍ മൊബൈല്‍ ഫോണുകളിലുണ്ട് എന്ന വാര്ത്ത കേട്ടു പോക്കറ്റില്നിന്നും ഫോണെടുത്ത് എറിയാനോങ്ങിയവര്‍ ശ്രദ്ധിക്കുക. അതിലും അപകടകരമായ ബാക്റ്റീരിയകളും വൈറസുകളുമാണു നാം ദിവസേന കൈകാര്യം ചെയ്യുന്ന മറ്റു പല വസ്തുക്കളിലുമുള്ളത്. കറന്സിനോട്ടുകള്‍, കമ്പ്യൂട്ടറിന്റെ കീബോര്ഡ്, എടിഎം മെഷീന്‍, ടിവി റിമോട്ട്, വാതില്‍പ്പിടി ഇങ്ങനെ ഒന്നിലേറെപ്പേര്‍ കൈവയ്ക്കുന്ന സകലസാധനങ്ങളിലും ബാക്റ്റീരിയകളുണ്ട്. കണ്ണിലെടുക്കാനില്ലെങ്കിലും ന്യൂമോണിയയ്ക്കും മെനഞ്ജൈറ്റിസിനും വരെ കാരണമാവും ഈ സൂക്ഷ്മജീവികള്‍! കൈ ആന്റി ബയോട്ടിക് സോപ്പിട്ടു കഴുകുക, സൌകാര്യവസ്തുക്കള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക എന്നിവയാണു പ്രതിരോധ മാര്ഗങ്ങള്‍.
        എന്നാല്‍, ഒരു പ്രതിരോധവും രക്ഷയ്ക്കെത്താത്ത ചില സ്ഥലങ്ങളുമുണ്ട്. ബാറിലും ഹോട്ടലിലും മേശയ്ക്കു ചുറ്റുമിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഒരു കടലയെങ്കിലും കൊറിക്കാത്തവരുണ്ടോ? ഒരു നിമിഷത്തില്‍ ആ പാത്രത്തിലേക്ക് എത്ര കൈകളാണു നീളുന്നത്. അടുത്തവട്ടം കടലയെടുക്കാന്‍ കൈനീട്ടുമ്പോള്‍ ഓര്ക്കുക, ഇത്തരം ഓരോ പാത്രത്തിലും മനുഷ്യമൂത്രത്തിന്റെ 13 സാംപിളുകളെങ്കിലും ഉണ്ടെന്നാണു ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ബാറിലെ കടലയ്ക്ക് ഉപ്പും രുചിയുമേറാനുള്ള കാരണം പിടികിട്ടിയല്ലോ!
                                                        ഡോ. ടൈറ്റസ് ശങ്കരമംഗലം
, 
                                                          ഇരവിപേരൂര്‍ , തിരുവല്ല.
കത്തെഴുതിയിരിക്കുന്നത് ഒരു മെഡിക്കല്‍ ഡോക്ടറാണെന്ന അനുമാനത്തിലാണു ഞാന്‍ ചിന്തിക്കുന്നത്. ബാക്റ്റീരിയകള്‍ എന്നുമുതലാണു വൃത്തികെട്ടവ  ആയതെന്നു ഞാന്‍ കുറേനേരം തലപുകച്ചു; പോട്ടെ, സാരമില്ല! നമ്മുടെ ചുറ്റുമുള്ള, നാം അനുദിനം ഉപയോഗിക്കുന്ന പല വസ്തുക്കളിലും ഇത്തരം വൃത്തികെട്ട ബാക്റ്റീരിയകള്‍ നിറയെ ഉണ്ടത്രേ! ശരിയാണ്, എന്നിട്ടെന്തേ ഡോക്ടര്‍ ചിലര്ക്കു മാത്രം അസുഖം വരുന്നു? മറ്റുചിലര്‍ക്ക് ഒരു പനിയോ ജലദോഷമോ പോലും പിടിക്കുന്നില്ല താനും!!
       അതിനുത്തരമാണു മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം. നമുക്കു ചുറ്റും വായുവിലും ജലത്തിലും മണ്ണിലും കോടാനുകോടി ബാക്ടീരിയകളുണ്ട്; അവയില്‍ പലതും നമുക്കു ഗുണം ചെയ്യുന്നവയുമാണ്. മറ്റുള്ളവ പല മാരകരോഗങ്ങള്ക്കും കാരണമായേക്കാവുന്നവ! നമ്മുടെ രോഗപ്രതിരോധസംവിധാനം വികസിക്കുന്നത്, ശക്തമാകുന്നത് ജനനം മുതലുള്ള ഇത്തരം ബാക്ടീരിയകളുമായുള്ള സമ്പര്ക്കത്തിലൂടെയാണ്, അല്ലാതെ ആന്റിബയോട്ടിക്ക് സോപ്പു തിന്നിട്ടോ, അണുനാശിനികള്‍ കുടിച്ചിട്ടോ അല്ല. ശൈശവത്തില്‍ ഇമ്മ്യൂണിറ്റി എറ്റവും കൂടുതലായിരിക്കും, ആ കാലഘട്ടത്തില്‍ ഇടപെടുന്ന അണുക്കള്ക്കെതിരേ നമ്മുടെ ശരീരം ആയുധങ്ങള്‍ സ്വരുക്കൂട്ടിവെക്കുന്നു - അതായത് പ്രതിരോധം കൈവരിക്കുന്നു.  ഇങ്ങനെ കൊടുക്കല്‍-വാങ്ങലുകളിലൂടെ വികസിച്ച ഒരു രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ സാധാരണ നമുക്കു ചുറ്റും കാണുന്ന രോഗാണുക്കള്‍ക്കു കഴിയുകയില്ല. ഇതുപോലെയുള്ള രോഗപ്രതിരോധരീതി ശരീരത്തില്‍ വേണ്ടവിധം വികസിക്കുന്നില്ല എന്നുള്ളതാണു ഇന്നത്തെ മലയാളിയുടെ ശാപം. നമ്മള്‍ മണ്ണിലും ചളിയിലും കുത്തിമറിയുന്ന മറുനാട്ടുകാരന്‍ തൊഴിലാളിയെ നോക്കി പരിതപിക്കുന്നു, അവര്ക്കാണെങ്കില്‍ ഇത്തരം യാതൊരു അസുഖവും എളുപ്പം പിടിപെടുന്നുമില്ല! ലോകത്ത് ഏറ്റവും കൂടുതല്‍ അലര്ജിരോഗികളുള്ളത് അമേരിക്കയിലും യൂറോപ്പിലുമാണ്, പൊടിയും ചളിയും കൂടുതലുള്ള ആഫ്രിക്കയിലോ ഇന്ത്യയിലോ അല്ല!! 
     മലയാളിയുടെ സംസ്കാരം സോപ്പിന്റെയും ഡിറ്റര്ജന്റിന്റെയും ആന്റിബയോട്ടിക് ലായനികളുടെയും പിടിയില്‍ അകപ്പെട്ടുപോയി; പുതിയ പുതിയ അണുനാശിനികള്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന തിരക്കിലാണവര്‍. അച്ഛന്‍ മകനെ തൊട്ടാല്‍ ബാക്റ്റീരിയയും വൈറസും പകരും എന്നു പരസ്യത്തില്‍ കേട്ട് അന്ധാളിച്ചിരിക്കുകയാണെല്ലാവരും. കുട്ടികളെ പാര്ക്കില്‍ കളിക്കാന്‍ വിടരുത്, കാരണം പാര്ക്ക് ബെഞ്ചില്‍ അണുക്കള്‍ കാണും, പുല്ലിലും മണ്ണിലും പറയുകയേ വേണ്ട!! പണ്ടൊക്കെ കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ കുമ്മാട്ടിയെന്നും കുമ്പാരിയെന്നും പറഞ്ഞിടത്ത് ഇന്നു കീടാണുവെന്നാണു പറയുന്നത്: അത്തരം ഭീകരരൂപങ്ങളാണവര്‍ ടീവീയില്‍ കാണുന്നത്!! മനുഷ്യന്‍ മനുഷ്യനെ,  മക്കള്‍ അച്ഛനെ തൊടാനറയ്ക്കുന്ന ഒരു സംസ്കാരമാണോ നമുക്ക് വേണ്ടത്?!
        ഡോക്ടര്‍, എയിഡ്സ് എന്നാല്‍ എന്താണെന്നു താങ്കള്‍ക്കറിയാമല്ലോ: നമ്മുടെ രോഗപ്രതിരോധസംവിധാനത്തെയപ്പാടെ തകരാറിലാക്കുന്ന എയിഡ്സ് വൈറസ് ചെയ്യുന്ന അതേ പുണ്യപ്രവൃത്തി തന്നെയല്ലേ ഈ വൃത്തിസംസ്കാരം ചെയ്യുന്നത്?! അന്താരാഷ്‌ട്ര കുത്തക കമ്പനികള്‍ക്ക് കീശ വീര്‍പ്പിക്കാനുള്ള ഈ പരസ്യ പ്രചാരണങ്ങള്‍ക്കിടയില്‍ മലയാളിക്ക് കൈവിട്ടുപോകുന്നത് അവന്റെ ആരോഗ്യമാണ്, സൂക്ഷിക്കുക!

വാല്‍ക്കഷണം: ബാറിലിരുന്ന് കയ്യിട്ടുവാരുന്ന കടലയേക്കാള്‍ ഭീകരന്‍ അവിടെയിരുന്നു കാശുകൊടുത്തു വാങ്ങിക്കഴിക്കുന്ന മദ്യമാണെന്ന് എന്നാണൊരു ഡോക്ടര്‍ മലയാളിക്കു പറഞ്ഞുതരുക? മനുഷ്യമൂത്രം ഔഷധമായി കരുതി ദിവസേന സേവിച്ചിരുന്ന നമ്മുടെ ഒരു മുന്‍ പ്രധാനമന്ത്രിയെയും ഇത്തരുണത്തില്‍ ഓര്ക്കുന്നത് നന്ന്!!     

Saturday, July 17, 2010

പ്രൊഫ. ജോസഫിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട പ്രഫ. ജോസഫ് ,
         താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദു:ഖിക്കുന്നു. ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്ത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ്  'മുഹമ്മദ്‌' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ്  ഒരു സാധാരണ പൌരനല്ല. അറിവും വിവേകവും ലോകപരിചയവും യുക്തിബോധവും എല്ലാമുള്ള കോളജ് പ്രഫസറാണ്‌. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ്‌ നബി സ്നേഹപ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈ വിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്ന് വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ടിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി. ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ്‌ എന്ന് പേരിടുകയാണ് ഉണ്ടായതെന്ന്  താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്ലാം മതത്തില്‍ പെട്ടവരായതിനാല്‍ ആ മതത്തില്‍പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്ലാം മതക്കാരുടെ 'പടച്ചോനേ' തിരിച്ചറിഞ്ഞ താങ്കള്‍ക്കു മുഹമ്മദ്‌ ആ മതക്കാരുടെ പ്രവാചകനാണെന്ന അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയ്യാറാകുമോ? ദൈവത്തിനു 'നായിന്റെ മോനേ' എന്ന് വിളിക്കാനായി തോമസ്‌, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയ്യാറാകുമോ?
      ഈശ്വരവിശ്വാസം മനുഷ്യ സംസ്കാരത്തിന്റെ ഭാഗമാണല്ലോ.  വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെമോനെ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പ്പറഞ്ഞ മ്ലേച്ചഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ്‌ പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളും അടങ്ങുന്ന ക്രൈസ്തവ സംസ്കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?
     ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയ്യാറാക്കിയ പ്രവാചകനിന്ദയുള്പ്പെടെ  മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിംഗ്ടണ്ണിന്റെ  'ക്രൈസ്തവ ഇസ്ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍ - ഇസ്രായേല്‍ ഭീകരതാണ്ടവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലവ് ജിഹാദ്, പ്രവാച്ചകനിന്ദ, മഫ്ത ധരിക്കല്‍ പ്രശ്നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൌജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണകഥ തികഞ്ഞ മുസ്ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവകേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്ലിം പള്ളിമിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളെയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങള്‍ മുസ്ലിം സംഘടനകളുടെ തലയില്‍ കെട്ടിവെചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീച്ചപ്രവൃത്തികളാണവയെന്നു തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അരസ്ടിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്നു തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny- (ന്യൂയോര്‍ക്ക്) 11427, U.S.A.  പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication, P.B. 47, Ankamali, Kerala 683572.
           ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്നു ഞാന്‍ പറഞ്ഞത്.
         ഇത്രയുമെഴുതിയത് താങ്കള്ക്ക് നേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാദാര്ത്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള  ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 
                                                           ഡോ. എം. എസ്. ജയപ്രകാശ്
                                                              ഗുരുവിഹാര്‍‍, കൊല്ലം    
മാധ്യമം  ദിനപത്രത്തില്‍ ജൂലായ്‌ 17 ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു വായനക്കാരന്റെ പ്രതികരണമാണ്  മുകളില്‍ ചേര്‍ത്തത്. ഇതെഴുതിയ ആള്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ  (എം. എസ്. ജയപ്രകാശ് എന്ന പേരില്‍ കൊല്ലത്തൊരു പഴയ ചരിത്രപ്രൊഫസരുണ്ടെന്നും അദ്ദേഹം അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും കേട്ടിട്ടുണ്ട്) എന്നുപോലും എനിക്കറിയില്ല. ആ പേരില്‍ ഏതെങ്കിലും മുസ്ലിം എഴുതിയതാണോ എന്നും അറിയില്ല. ഒന്നറിയാം, ശ്രീമാന്‍ ജോസഫിനെ ന്യായീകരിക്കാനും ഒരു രക്തസാക്ഷിപരിവേഷം ചാര്ത്തികൊടുക്കാനും ശ്രമം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പറന്നു നടക്കുന്ന ഈമെയിലുകള്‍ അതിന്റെ സൂചനയാണ്. ജയപ്രകാശിനു പകരം റിയാസ് ആയിരുന്നെങ്കില്‍ ഈ ലേഖനത്തെ ഒരു മതഭ്രാന്തന്റെ ജല്പനങ്ങള്‍ ആയി പുച്ചിച്ച് തള്ളിയേനെ. കൂരിരുട്ടിനിടയിലും സത്യം കാണുന്ന ചിലര്‍ നമുക്കിടയിലുണ്ട് എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.                                
           പി.എം. ബിനുകുമാറിന്റെ "തിരക്കഥയുടെ നീതിശാസ്ത്രം: സമ്പാദനവും പഠനവും" (കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്) എന്ന പുസ്തകത്തിലെ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം തയാറാക്കിയത് എന്നാണ് ജോസഫ് സാര്‍ പറയുന്നത്. ആ പുസ്തകം രണ്ടാം സെമസ്ടര്‍ ബീകോം  കുട്ടികള്‍ക്ക് പഠിക്കാനുണ്ടോ  എന്നാരും ചോദിച്ചുകണ്ടില്ല. ഇല്ലെങ്കില്‍ എന്തിന് ആ പുസ്തകം തെരഞ്ഞെടുത്തു, എന്തിന്  ആ സംഭാഷണശകലം  തെരഞ്ഞെടുത്തു, ഭ്രാന്തന്‍ എന്നത് മാറ്റി മുഹമ്മദിനെ കുടിയിരുത്തിയതെന്തിന്? കുഞ്ഞുമുഹമ്മദ് ആ സംഭാഷണത്തിന് ആവശ്യമായ പശ്ചാത്തലം നല്‍കി അതിനെ ന്യായീകരിക്കുന്നുണ്ട്. ഭ്രാന്തന്‍ എന്നുതന്നെ എന്തുകൊണ്ട് സാര്‍ ഉപയോഗിച്ചില്ല? ശരി, വെറുമൊരു സംഭാഷണം, വെറുമൊരു മുസ്ലിം പേര്! എങ്കില്‍, അതിലുപയോഗിച്ച ഭാഷ (തെറിവിളി) കുട്ടികളെ പഠിപ്പിക്കുന്നത് ശരിയോ? ഒരു അദ്ധ്യാപകന്‍ ചോദ്യപേപ്പറില്‍ ഉപയോഗിക്കേണ്ട ഭാഷയോ അത്? ഇതേ ന്യായീകരണം വെച്ചുകൊണ്ട് പമ്മനെയും മേതിലിനെയും മ-വാരികകളിലെ എഴുത്തുകാരെയും കുട്ടികളെ പരിച്ചയപ്പെടുത്താത്തതെന്ത്? 
           അധ്യാപകന്റെ കൈ വെട്ടിയതിനു യാതൊരു ന്യായീകരണവുമില്ല, പ്രതികളെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. തീവ്രവാദ നിലപാടുള്ള പല മുസ്ലിം സംഘടനകളുടെയും സാമ്പത്തികസ്രോതസ്സ് പരിശോധിക്കണം. അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടാല്‍ സംഘടനയെ നിരോധിക്കണം, നേതാക്കളെ വിചാരണ ചെയ്തു ശിക്ഷിക്കണം. ഇത്തരം ഭീകരവാദികളെ സമുദായം ഒറ്റപ്പെടുത്തണം. 
          കാട്ടുനീതി കേരളത്തില്‍, ഭാരതത്തില്‍ വേണ്ട! ഒരേ പന്തിയില്‍ രണ്ടു വിളമ്പും വേണ്ട. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ! കൊടിയ അപരാധമാണ് നടന്നിരിക്കുന്നത്, സമൂഹത്തെ ഭിന്നിപ്പിച്ച് സമാധാനം തകര്‍ക്കുക എന്ന കുറ്റം, സാധാരണക്കാരന്റെ മനസ്സില്‍ തന്റെ അയല്‍ക്കാരനെക്കുറിച്ച് ഭീതിയും സംശയവും ജനിപ്പിക്കുക എന്ന കുറ്റം, ഇതിനു മാപ്പില്ലതന്നെ!!       

Tuesday, July 06, 2010

വന്മരങ്ങള്‍ കടപുഴകുമ്പോള്‍...


തലക്കെട്ട്‌ എന്‍. എസ്. മാധവനില്‍ നിന്നും കടമെടുത്തതാണ്. സാരമില്ല, അങ്ങേരത് രാജീവില്‍നിന്നും അടിച്ചു മാറ്റിയതാണല്ലോ?! സന്തോഷമായി ഗോപിയേട്ടാ, ശരിക്കും സന്തോഷമായി; ഞാനും അച്ചുവേട്ടനും ഒരു കാര്യത്തിലെങ്കിലും യോജിച്ചല്ലോ! രണ്ടുദിവസം മുന്‍പ്‌ സഞ്ജയ്‌ ഗാന്ധി എന്ന് വേണ്ടിടത്ത് രാജീവ്‌ ഗാന്ധി എന്ന് തെറ്റിപ്പറഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കണം  ശ്രീമാന്‍ അച്ചുതാനന്ദന്‍ അങ്ങനെ പറഞ്ഞത്. അല്ലെങ്കിലും അദ്ദേഹം അങ്ങനെയാ, ഒരു അബദ്ധത്തില്‍ നിന്ന് തലയൂരാന്‍ വേറൊന്ന്‍!
            രാജീവ്‌ ഗാന്ധി അത്ര നല്ല ആളൊന്നുമല്ല, ഇന്ദിരയുടെ മരണശേഷം പതിനായിരക്കണക്കിനു സിഖുകാരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയത് രാജീവ് ആണെന്നാണ്‌ അച്ചുമാമന്‍ പറയുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ വന്‍കലാപം നടന്നു എന്നത് നേര്. അതിന് നേതൃത്വം നല്‍കിയത് പലയിടത്തും കോണ്‍ഗ്രെസ്സുകാരായിരുന്നു താനും. 2700 -ലധികം സിഖുകാരാണ് വിവിധ അക്രമങ്ങളില്‍ മരണമടഞ്ഞത്. പെട്രോളൊഴിച്ച് തീകൊളുതിയാണ് പലരെയും വധിച്ചത്.  ഇതിനെല്ലാം ഗൂഡാലോചന നടത്തി,  നേതൃത്വം നല്‍കി എന്ന് ആരോപിക്കപ്പെടുന്നവരില്‍ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇതിനു ശേഷം നവംബര്‍ 19-നു ഡല്‍ഹിയില്‍ ഒരു സമ്മേളനത്തില്‍ വച്ച് രാജീവ്‌ ഗാന്ധി ഇങ്ങനെ പറഞ്ഞത്രേ: "വന്മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി കുലുങ്ങുക എന്നത് സ്വാഭാവികമാണ്."
            രാജീവ്‌ വളരെ നല്ല നേതാവായിരുന്നു, ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന് ഇന്ത്യയുടെ ഭാവിയെപറ്റി പ്രതീക്ഷ നിറഞ്ഞ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. വയസ്സന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ശ്രേഷ്ഠകുലജാതനും  ചെറുപ്പക്കാരനും സുന്ദരനുമായ രാജീവ് വ്യത്യസ്തനായിരുന്നു; എല്ലാം അംഗീകരിക്കുന്നു. പക്ഷേ രാജീവിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്; ബോഫോര്‍സ് ആരും മറന്നിട്ടില്ല.  സത്യനാരായണ്‍ (സാം) പിട്രോദയുമായുള്ള അദേഹത്തിന്റെ  കൂട്ടുകെട്ടും വിവാദങ്ങള്‍ക്കതീതമായിരുന്നില്ല. മൂവായിരത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് തന്റെ അമ്മയുടെ മരണത്തിന്റെ സ്വാഭാവിക പരിണതിയാണെന്ന് പൊതുജന മധ്യത്തില്‍ ഒരുളുപ്പുമില്ലാതെ പറയുന്നത് വിവേകശാലിയായ രാഷ്ട്രീയ നേതാവിന്റെ ലക്ഷണമാണോ? ഭോപാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടമ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയത് രാജീവിന്റെ മൌനസമ്മതത്തോടെ   ആയിരുന്നെന്നു ഇപ്പോള്‍ വ്യക്തമാകുന്നു. ഇങ്ങനെ നമ്മളറിയാത്ത എന്തെല്ലാം..., ഒന്നറിയാം: രാഷ്ട്രീയ വിശാരദരില്‍ പലരും രാജീവിനെ വിലയിരുത്തിയത് 'രാജ്യതന്ത്രത്തില്‍ വട്ടപ്പൂജ്യം' എന്നായിരുന്നു. രാഷ്ട്രീയത്തില്‍ രാജീവിനെക്കാള്‍ എത്രയോ മുന്നിലായിരുന്നു സഞ്ജയ്‌ ഗാന്ധി എന്ന് പഴയ കോണ്‍ഗ്രസുകാര്‍ മറന്നുകാണില്ല. എന്നിട്ടും എന്താണാവോ സഞ്ജയ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പൊള്ളല്‍?! സഞ്ജയ്‌ ഗാന്ധിയെ  കോണ്‍ഗ്രസ് കയ്യൊഴിഞ്ഞോ? (പഴയ ഒരു കോണ്‍ഗ്രെസ്സുകാരനായ എന്റെ ഉപ്പ ഒരു മകന് കൊടുത്തിരിക്കുന്ന പേര് സഞ്ജയ്‌ എന്നാണ്, വീടിന്റെ പേര് പ്രിയദര്‍ശിനി എന്നും).
             ഇന്നത്തെ (2010 ജൂലൈ 5 തിങ്കള്‍) മലയാള മനോരമ പല നേതാക്കളുടെയും പ്രസ്താവനകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്;  വീഎസ് മാപ്പ് പറയണം, രാജി വെക്കണം എന്നൊക്കെ. ഇടതുപക്ഷത്തെ നേതാക്കളെപ്പറ്റി ഇവന്മാരൊക്കെ ദിവസേന എന്തൊക്കെ ആരോപണം ഉന്നയിക്കുന്നു, ഇങ്ങനെ പോയാല്‍ മാപ്പ് പറഞ്ഞ് മുടിയുമല്ലോ! പോട്ടെ, പത്രക്കാരെന്തു ചെയ്യും?! ഇന്നത്തെ പത്രത്തില്‍ തന്നെ പത്താം പേജില്‍ NS മാധവന്റെ ലേഖനമുണ്ട്. രാജീവിന്റെ പഴയ പ്രയോഗത്തിന് കേരളത്തില്‍ ഏറ്റവും പ്രചാരം കിട്ടിയത് "വന്മരങ്ങള്‍ കടപുഴകുമ്പോള്‍ " എന്ന പേരില്‍ സിഖ് കൂട്ടക്കൊലയെപറ്റി അങ്ങേര് ഒരു ചെറുകഥ എഴുതിയപ്പോഴാണ്. ഏതായാലും അയ്യാളോടും കൂടി ഒരു മാപ്പെഴുതി വാങ്ങിയേക്ക്, ഇരിക്കട്ടെ. ഈ കഥ പിന്നീട് ചലച്ചിത്രമാക്കിയ ശശി കുമാരനെയും വിടരുത്!
           കോണ്‍ഗ്രെസ്സുകാരുടെ ഒരു മാനസികരോഗമാണിത്, പഴയ നേതാക്കളെ പറ്റി ആരും ഒരക്ഷരം മിണ്ടാന്‍ പാടില്ല. വെറുതെയല്ല നമ്മുടെ ശശി തരൂര്‍ ഇക്കൂട്ടരെ "വിശുദ്ധ പശുക്കള്‍" എന്ന് വിളിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയ്ക്കും എത്രയോ മുന്‍പ്‌ ഭരണാധികാരികളുടെ മൌനാനുവാദത്തോടെയും ആശീര്‍വാദത്തോടെയും അതിലും  ദാരുണവും പൈശാചികവുമായ വംശഹത്യകള്‍ ഇന്ത്യയില്‍ അരങ്ങേറിയിട്ടുണ്ടെന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 
           ഏതായാലും പ്രതിപക്ഷത്തിന് കുശാലായി, വാക്കൌട്ട് നടത്താന്‍ ഒരു കാരണമായല്ലോ. എത്രയെന്നു വെച്ചാ നിയമസഭയില്‍ ഉറക്കം തൂങ്ങി ചടഞ്ഞിരിക്കുക? വഴിയോര സമ്മേളനം, ബന്ദ്‌, ഹര്‍ത്താല്‍, പ്രകടനം, സമരം തുടങ്ങിയ ഹീനകര്‍മങ്ങളെ എതിര്‍ക്കുന്നവരായതു കൊണ്ട് പ്രതിഷേധിക്കാന്‍ ഇതല്ലേയുള്ളൂ ആകെ ഒരു മാര്‍ഗം?! പനിക്കെതിരെയും മറ്റും നടത്തിക്കഴിഞ്ഞു, ഇനി ഒരുദിവസം  കൈ വെട്ടിയവരെ സംരക്ഷിക്കുന്ന പോലീസിനെതിരെയും ആവാം. 

Monday, July 05, 2010

വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക!

മതനിന്ദ വളര്‍ത്തുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി എന്ന പോലീസ് കേസില്‍ പ്രതിയായി അന്വേഷണം നേരിടുന്ന, സസ്പെന്‍ഷനില്‍ ഇരിക്കുന്ന, തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ശ്രീ. ടി.ജെ. ജോസഫിനെ ഇന്നലെ ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ ക്രൂരമായി ആക്രമിച്ചതിലും കൈ വെട്ടിമാറ്റിയതിലും വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിലും ഒരു മലയാളി, ഒരു ഇന്ത്യക്കാരന്‍, ഒരു മുസ്ലിം, ഒരു കോളേജ് അദ്ധ്യാപകന്‍, ഒരു AKGCT (Association of Kerala Govt. College Teachers) ഭാരവാഹി എന്നീ നിലകളിലും, സര്‍വോപരി ജനാധിപത്യത്തിലും നിയമവാഴ്ചയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യസ്നേഹിയായ ഒരു സാദാ പൌരന്‍  എന്ന നിലയിലും ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 
             മത തീവ്രവാദത്തെ എതിര്‍ക്കുക.... 
             വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക .....
കേരളത്തിലെ സാമുദായികസൌഹാര്‍ദം തകര്‍ക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം തിരിച്ചറിയുക! ജനാധിപത്യത്തില്‍ കാട്ടുനീതിക്ക് സ്ഥാനമില്ല!!

Saturday, July 03, 2010

ബ്രസീല്‍ : ആക്രമണഫുട്ബോളിന്റെ മാസ്മരികസൌന്ദര്യം!!


ബ്രസീല്‍ ഫാന്‍ അല്ലായിരുന്നിട്ടുകൂടി വളരെ നേരത്തെ തന്നെ ബ്രസീല്‍ - ഹോളണ്ട് മത്സരം കാണാന്‍ ഇരിപ്പുറപ്പിച്ചു. ബ്രസീല്‍ തോല്‍ക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു ആ ആവേശം മുഴുവനും. ഹോളണ്ടിനെ പോലൊരു ടീമിന് അതു സാധിക്കുമോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. ദേശീയഗാനാലാപന പ്രകടനം എല്ലാം കഴിഞ്ഞു കളി തുടങ്ങാന്‍ പോകുന്നു എന്ന് കരുതി കണ്ണും തുറിപ്പിച്ചിരിക്കുമ്പോള്‍ അതാ ഒരു ബാനറും പിടിച്ച് കുറച്ചുപേര്‍ ഗ്രൌണ്ടിന്റെ നടുക്ക്! "SAY NO TO RACISM"  എന്നാണെഴുതിയിരിക്കുന്നത്. അതിന് ഫുട്ബോളില്‍ എന്ത് വംശീയത?  ഫുട്ബോളില്‍ അമേരിക്കക്കാരനും ഘാനക്കാരനും തുല്യരല്ലേ?! നന്നായി കളിച്ചാല്‍ ജയിക്കും, ഇല്ലെങ്കി തോക്കും..... ഹല്ലപിന്നെ!! 
           എങ്കിലും എനിക്ക് കാര്യം വ്യക്തമാകാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല. എന്തൊക്കെപ്പറഞ്ഞാലും കളി തുടങ്ങി മൂന്നു മിനിട്ടിനുള്ളില്‍ നാല് ഫൌള്‍ ചെയ്യുന്നത് ഒരു കഴിവാണ്. അതിലും കഴിവ് വേണം അതു കണ്ടില്ലെന്നു നടിക്കാന്‍. ലോകഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരല്ലേ.... എന്തുമാകാമല്ലോ, ആരാ ചോദിക്കാനും പറയാനും! ഏരിയല്‍ റോബനു പന്തുകിട്ടിയാല്‍ വീണിരിക്കും ഒറപ്പ്; ഏയ്‌ ... ഗോളല്ലാ, റോബന്‍! 
            വംശവിദ്വേഷത്തിന്റെ കാറ്റ് ഈ ലോകകപ്പ് തുടങ്ങിയ അന്നുമുതല്‍ ഗ്രൌണ്ടുകളില്‍ അങ്ങോളമിങ്ങോളം അലയടിക്കുന്നുണ്ട്. അതുപുറത്തു കാണിക്കുന്നത് കൂടുതലും റഫറികള്‍ ആണെന്നു മാത്രം. കളിക്കാര്‍ തമ്മില്‍ കൈമാറുന്ന 'ഊഷ്മളമായ ആശംസാവചനങ്ങള്‍' ഭാഗ്യത്തിനു നമ്മള്‍ കേള്ക്കേണ്ടിവരുന്നില്ല. അങ്ങനെയും പലതും നടക്കുന്നുണ്ട് എന്നറിയാന്‍  കുപ്രസ്സിദ്ധമായ സിദാന്‍ - മറ്റരാസി സംഭവം വേണ്ടിവന്നു. വെവ്വേറെ ടീമുകള്ക്ക് ഒരേ ഫൌളിനു രണ്ടുതരം ശിക്ഷ, ചില ഗോളുകള്‍ ഗോളല്ലാതാവുന്നു, ശൂന്യവായുവില്‍ നിന്നു ഗോളുകള്‍ പിറക്കുന്നു, ചിലരുടെ ഫൌളുകള്‍ കണ്ടില്ലെന്നു നടിക്കുന്നു..... അങ്ങനെ എന്തെല്ലാം! ഈ ലോകകപ്പിന്റെ താരങ്ങള്‍ കാകയോ മെസ്സിയോ ക്ലോസോ വിയ്യയോ അല്ല, റഫറിമാര്‍ ആണ്. ഇന്നലത്തെ കളിയില്‍ തന്നെ ഉദാഹരണങ്ങള്‍ നിരവധി. റോബനെ പിന്തുടര്ന്നു വേട്ടയാടിയ ബാസ്റ്റോസിനു മഞ്ഞക്കാര്ഡു കിട്ടാന്‍ റോബനെ നാലുതവണ ക്രൂരമായി പിന്നില്നിന്നു ചവിട്ടിവീഴ്ത്തേണ്ടിവന്നു. അതേസമയം, ഒരു ഹോളണ്ട് കളിക്കാരനു മഞ്ഞ കാണാന്‍ അധികം കഷ്ടപ്പെടേണ്ടിവന്നില്ല; ബ്രസീല്‍ ഹാഫില്‍ പെനാള്ട്ടി ബോക്സിനടുത്ത് ഉരുണ്ടുവീണതിനായിരുന്നു കാര്‍ഡ്. എല്ലാം വെറും അഭിനയമായിരുന്നെന്നാണു റഫറി പറയുന്നത് (ഫൌള്‍ ആണെങ്കില്‍ത്തന്നെ ബ്രസീലിനു നഷ്ടപ്പെടാന്‍ ഒരു ഫ്രീകിക്ക് മാത്രം). കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേ, കാക്ക ഇതുപോലെ ഹോളണ്ട് ബോക്സിനുള്ളില്‍ ഒന്നു വീണു, ഫൌളിനു അപ്പീല്‍ ചെയ്യുകയും ചെയ്തു. റഫറി മൈന്ഡ് ചെയ്തില്ല. ഹും, ജപ്പാന്‍കാരനോടാ കളി: എല്ലാം അഭിനയമല്ലേ, ശുദ്ധ അഭിനയം!! അഭിനയമായിരുന്നെങ്കില്‍ എന്തുകൊണ്ട് മഞ്ഞകാര്ഡ് കാണിച്ചില്ല, അല്ല ശരിക്കും ഫൌള്‍ ആയിരുന്നെങ്കില്‍ പെനാള്ട്ടി ആവുമായിരുന്നില്ലേ?! ഒന്നും ചോദിക്കരുത്.
        ബാസ്റ്റോസിനു മഞ്ഞ കിട്ടിയതിനുശേഷവും റോബനെ വിട്ടില്ല, ആദ്യത്തേതിലും ഉഷാറായി ഒന്നുകൂടി ചവിട്ടി. അതിനു ശിക്ഷ ഫ്രീ കിക്ക് മാത്രം.  തുടര്‍ച്ചയായി ഒരു കളിക്കാരനെ പിന്തുടര്‍ന്നു ഫൌള്‍ ചെയ്യുന്നത് ഫിഫ നിയമപ്രകാരം കൊടിയ കുറ്റമാണ്, ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ കളിക്കാരനെ പിന്നെയും ഫൌള്‍ ചെയ്‌താല്‍ അപ്പോ എന്തായിരിക്കും ശിക്ഷ?  കുറഞ്ഞപക്ഷം ഒരു മഞ്ഞ കൂടി. ഒരുതവണ കൂടി മഞ്ഞതൊട്ടിരുന്നെങ്കില്‍ ബാസ്റ്റോസിനു മടങ്ങാമായിരുന്നു, അതുണ്ടായില്ല. റഫറിയോടുള്ള നന്ദിസൂചകമായി ദുംഗ ഉടനെത്തന്നെ ബാസ്റ്റോസിനെ തിരിചുവിളിക്കുകയും ചെയ്തു. 
            ബ്രസീല്‍ തുടക്കം മുതലേ ഭയങ്കര 'ആക്രമണ 'ഫുട്ബോള്‍ ആണ് കളിച്ചത് എന്ന് കളി കണ്ടവര്‍ക്കൊക്കെയറിയാം; ആക്രമണം മിക്കവാറും ഹോളണ്ട് കളിക്കാരുടെ ദേഹത്തായിരുന്നെന്നു മാത്രം.  കളിയില്‍ മൊത്തം ഫൌള്‍ കളിച്ച ബ്രസീലിനു കിട്ടിയത്  ഒരു മഞ്ഞകാര്‍ഡും ഒരു ചുവപ്പുകാര്‍ഡും മാത്രം; ഹോളണ്ടിന് നാല് മഞ്ഞക്കാര്‍ഡ്! പറയുമ്പോള്‍ എല്ലാം പറയണമല്ലോ: ഫിലിപേ മേലോയ്ക്ക്  എതിരെ റഫറിക്ക് ചുവപ്പുകാര്‍ഡു പുറത്തെടുക്കേണ്ടി വന്നു. ഫൌള്‍ ചെയ്തു വീഴ്ത്തിയിട്ടും അരിശം തീരാതെ ബൂട്ടിട്ട കാലുകൊണ്ട് വീണുകിടക്കുന്നവന്റെ തുടയ്ക്കു ചവിട്ടിയാല്‍ വേറെന്തുചെയ്യും? 
             ബ്രസീല്‍ കളിക്കാര്‍ റഫറിമാരെ സ്വാധീനിക്കുന്നു എന്നുള്ളത് ഈ വേള്‍ഡ് കപ്പിന്റെ ആരംഭം മുതലേ കേള്ക്കുന്ന ഒരു ആരോപണമാണ്. അതു യാഥാര്‍ത്ഥ്യമാണെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റമായിരുന്നു മൈകോണ്‍, റോബീഞ്ഞോ, കാക്ക തുടങ്ങി പല ബ്രസീല്‍ കളിക്കാരുടേതും. പക്ഷേ, നിഷിമുറയെപ്പോലെ ഫിഫയുടെ അതിവിദഗ്ധരായ, കഠിനശിക്ഷണം നേടിയ റഫറിമാര്‍, അതും  ഫുട്ബോള്‍ ലോകകപ്പുമല്സരങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍, കളിക്കാരുടെ അഭിനയത്തിലും വാക്ചാതുരിയിലും  തുറിച്ചുനോട്ടത്തിലും ഭീഷണിയിലും (സംശയമുണ്ടെങ്കില്‍ കളി ഒന്നുകൂടി കാണുക)  വീണുപോവുക എന്നത് ഒരിക്കലും അഭിലഷണീയമല്ല.
            ഒന്നാം പകുതി ബ്രസീലിനു സ്വന്തമായിരുന്നു, പക്ഷെ ഒരു ഗോള്‍ നേടിയ ശേഷം പ്രതിരോധിച്ചു കളിക്കാനാണു ബ്രസീല്‍ ശ്രമിച്ചത്. രണ്ടാം പകുതിയില്‍ സെല്ഫ്ഗോളിലൂടെ ഹോളണ്ട് സമനില പിടിച്ച ശേഷമാണു കളിയുടെ ഗതി മാറിയത്. ഒരു ഫുട്ബോള്‍ മാച്ചു കളിക്കുകയാണു തങ്ങള്‍ എന്ന കാര്യം ഓരോ ബ്രസീല്‍ കളിക്കാരനും മറന്ന പോലെ തോന്നി. പകരം ഒരു യുദ്ധക്കളത്തിലാണു താന്‍ എന്ന ചിന്തയായിരുന്നു ഓരോരുത്തര്‍ക്കും. മുന്നില്‍ വരുന്ന എതിരാളിയെ ആയുധമില്ലാതെ അരിഞ്ഞിടുന്ന വിദ്യ ഇവരില്നിന്നു പഠിക്കണം!  
            ഒറ്റ ഒരു ഗോള്‍ കളിയെ എങ്ങനെയൊക്കെ മാറ്റിമറിക്കാം എന്നു വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ഓറഞ്ചുപടയുടെ ആക്രമണം. ഇത്തരുണത്തിലാണ് അര്‍ജന്റീനയ്ക്കു ദാനം കിട്ടിയതും ഇംഗ്ലണ്ടിനു നിഷേധിക്കപ്പെട്ടതുമായ ഗോളുകളെക്കുറിച്ചു ചിന്തിക്കേണ്ടത്. റഫറിമാര്‍ നിഷ്പക്ഷതയോടെ ജാഗരൂകരായി പ്രവര്ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, തുടര്‍ന്നുള്ള മല്സരങ്ങളുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. എന്തുകൊണ്ട് കളിനിയന്ത്രണത്തിന് കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിനു മുന്നില്‍ ഫിഫ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഫുട്ബോളല്ലേ, ഓരോ ദിവസവും ഭാഗ്യം മാറിമറിഞ്ഞു കൊണ്ടിരിക്കും. കൂടുതല്‍ കൃത്യതയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ ഫൈനല്‍ കളിക്കുന്നത് ഘാനയും സ്ലോവാക്യയും ആയിരിക്കും; കളി കാണാന്‍ ആരെങ്കിലും ഉണ്ടാവുമോ?!
            അള്‍ജീരിയയും യു എസ് എയും തമ്മിലുള്ള മല്സരത്തില്‍ അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യാനുള്ള കമന്റേറ്റര്‍മാരുടെ ആവേശം കണ്ടു ഞാന്‍ അന്തംവിട്ടിരുന്നിട്ടുണ്ട്. അവസാനമിനുട്ടിലെ ഗോള്‍ കണ്ട് അവര്‍ സ്റ്റുഡിയോയില്‍നിന്നിറങ്ങി ഓടുമെന്നുവരെ തോന്നി! സ്ലോവേനിയക്കെതിരെ അമേരിക്കയുടെ ഗോള്‍ നിഷേധിച്ച മാലിക്കാരനായ കറുത്ത വര്‍ഗക്കാരന്‍ റഫറി കോമന്‍ കുലിബാലിയെ  പാശ്ചാത്യ മാധ്യമങ്ങള്‍ ചുട്ടുതിന്നില്ലെന്നേയുള്ളൂ, ബാക്കിയെല്ലാം ചെയ്തു!! ഐവറി കോസ്ടിനെതിരെ ഫാബിയാനോയുടെ കൈ-ഗോള്‍ (രണ്ടു തവണ കൈ കൊണ്ട് മനപ്പൂര്‍വം ബോള്‍ തൊട്ടു) ഒരു മിനിടിനുള്ളില്‍ കമന്റെറ്റര്മാര്‍ മറന്നു, റഫറിയും മാധ്യമങ്ങളും അതു കണ്ടതേയില്ല! 

 
              
             അതേ, ഫുട്ബോളില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നുണ്ട്,  ഫുട്ബോളിലെ പരമ്പരാഗത ശക്തികളും പുതുതായി ഉയര്‍ന്നുവരുന്ന ചെറിയ ടീമുകളും തമ്മില്‍, വെളുത്തവരും കറുത്തവരും തമ്മില്‍, സമ്പന്നരും ദരിദ്രരും തമ്മില്‍. ഇതില്‍ ഫിഫ ആരുടെ പക്ഷത്താണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ!!   
Related Posts with Thumbnails